മഅ്ഖിലു ബ്നു യസാർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും, ജമാഅത്തിനെ വെടിയുകയും മരണപ്പെടുകയും ചെയ്താൽ ജാഹിലിയ്യാ മരണമാണ് അവൻ വരിച്ചിരിക്കുന്നത്. ആരെങ്കിലും അന്ധമായ കൊടിക്കൂറക്ക് കീഴിൽ പോരാടുകയും, വിഭാഗീയതക്ക് വേണ്ടി കോപിക്കുകയും, വിഭാഗീയതയിലേക്ക് ക്ഷണിക്കുകയും, വിഭാഗീയതയെ സഹായിക്കുകയും, അങ്ങനെ കൊല്ലപ്പെടുകയും ചെയ്താൽ അത് ജാഹിലിയ്യാ മരണമാണ്. ആരെങ്കിലും എൻ്റെ ഉമ്മത്തിനെതിരെ പുറപ്പെടുകയും, അവരിലെ നല്ലവരെയും ചീത്തവരെയും (ഒന്നും നോക്കാതെ) കൊലപ്പെടുത്തുകയും, അവരിലെ വിശ്വാസിയെ (കൊല്ലുന്നതിൽ) ഒരു ഗൗരവവും കാണാതിരിക്കുകയും, കരാറുള്ളവൻ്റെ കരാർ പൂർത്തീകരിച്ചു നൽകാതിരിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല. ഞാൻ അവനിലും പെട്ടവനല്ല."