ആഇശ (رضي الله عنها) പറയുന്നു: "മഖ്സും ഗോത്രക്കാരിയായ മോഷ്ടിച്ച പെണ്ണിൻറെ (ശിക്ഷ നടപ്പാക്കുന്ന)കാര്യം ഖുറൈശികൾക്ക് പ്രയാസമുണ്ടാക്കി. അവർ പറഞ്ഞു: "ആരാണ് ഇക്കാര്യം അല്ലാഹുവിന്റെ റസൂലിനോട് സംസാരിക്കുക? എന്നിട്ട് അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ പ്രിയപ്പെട്ടവനായ ഉസാമത്തുബ്നു സൈദല്ലാതെ മറ്റാരാണ് അതിന് ധൈര്യപ്പെടുക. അങ്ങനെ ഉസാമ അക്കാര്യം നബി (ﷺ) യോട് സംസാരിച്ചു. അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷാവിധിയുടെ കാര്യത്തിൽ നീ ശുപാർശ പറയുകയോ? നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ച കാര്യമിതായിരുന്നു. അവരിലെ ആഢ്യന്മാർ മോഷ്ടിച്ചാൽ അവർ വെറുതെവിടും. അവരിലെ ദുർബലരായവർ മോഷ്ടിച്ചാൽ അവർ ശിക്ഷ നടപ്പാക്കുകയും ചെയ്യും. അല്ലാഹുവാണെ, മുഹമ്മദിന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിൽ ഞാൻ അവളുടെ കൈ വെട്ടുക തന്നെ ചെയ്യും."
"സാധനങ്ങൾ കടം വാങ്ങുകയും പിന്നീട് വാങ്ങിയകാര്യം നിഷേധിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. നബി (ﷺ) അവളുടെ കൈ വെട്ടാൻ കൽപിച്ചു" എന്നാണ് ഹദീഥിന്റെ മറ്റു ചില പദങ്ങളായി വന്നിട്ടുള്ളത്.
അബ്ദുല്ലാഹി ബ്നു ഉമർ (رضي اللهُ عنهما) പറയുന്നു: ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവരോട് ചോദിച്ചു: എന്താണ് എറിഞ്ഞു കൊല്ലുന്നതിനെ കുറിച്ച് തൗറാത്തിൽ നിങ്ങൾ കണ്ടിട്ടുള്ളത്? അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ അവരെ അടിക്കുകയും അപമാനിക്കുകയും ചെയ്യണമെന്നാണ് അതിലുള്ളത്. അപ്പോൾ അബ്ദുല്ലാഹിബ്നു സലാം പറഞ്ഞു: കളവാണ് നിങ്ങൾ പറയുന്നത്. തൗറാത്തിൽ എറിഞ്ഞു കൊല്ലണമെന്ന ആയത്തുണ്ട്. അങ്ങനെ അവർ തൗറാത് കൊണ്ടുവന്നു നിവർത്തിവെച്ചു. അവരിലൊരാൾ എറിയണമെന്ന് പറയുന്ന ആയത്തിൻ്റെ മേലെ കൈവെച്ച് അതിൻ്റെ മുന്നിലും പിന്നിലുമുള്ളത് വായിച്ചു. അപ്പോൾ അബ്ദുല്ലാഹിബ്നു സലാം പറഞ്ഞു: നിൻ്റെ കൈയെടുക്ക്. അയാൾ കൈയെടുത്തു. അതാ എറിയണമെന്ന് പറയുന്ന ആയത്ത്. അയാൾ പറഞ്ഞു: മുഹമ്മദേ നീ പറഞ്ഞത് സത്യമാണ്. അങ്ങനെ നബി (ﷺ) അവരിരുവരെയും എറിഞ്ഞുകൊല്ലാൻ കൽപ്പിച്ചു. അബ്ദുല്ലാഹി ബ്നു ഉമർ പറയുന്നു: അയാൾ ആ പെണ്ണിന് ഏറു കൊള്ളാതിരിക്കാൻ തൻ്റെ ശരീരം കൊണ്ട് തടുക്കുന്നത് ഞാൻ കണ്ടിരുന്നു."
അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: "മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടി ശിക്ഷയായി നടപ്പാക്കി."