അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു അതിക്രമിക്ക് അവധി നൽകുന്നതാണ്; അങ്ങനെ അവനെ പിടികൂടിയാൽ പിന്നെ അവനെ രക്ഷപ്പെടാൻ വിടുന്നതല്ല." ശേഷം അവിടുന്ന് പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരെ നീ ആദ്യം ക്ഷണിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് സാക്ഷ്യം വഹിക്കുന്നതിലേക്കായിരിക്കട്ടെ!" -മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കായിരിക്കട്ടെ.- "അവർ അക്കാര്യത്തിൽ നിന്നെ അനുസരിച്ചാൽ അല്ലാഹു അവരുടെ മേൽ രാവിലെയും രാത്രിയുമായി എല്ലാ ദിവസവും അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരിലെ സമ്പന്നരിൽ നിന്ന് എടുത്ത് അവരിലെ ദരിദ്രരിലേക്ക് നൽകേണ്ടതായ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ഏറ്റവും വിലപ്പെട്ട സ്വത്തുക്കൾ നീ (എടുക്കാതെ) സൂക്ഷിക്കുക. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിച്ചു കൊള്ളുക! തീർച്ചയായും അതിനും അല്ലാഹുവിനും ഇടയിൽ യാതൊരു മറയുമില്ല."
അബൂ സ്വിർമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു മുസ്ലിമിനെ ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവന് ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിനോട് വിദ്വേഷത്തിൽ വർത്തിച്ചാൽ അല്ലാഹു അവന് പ്രയാസം സൃഷ്ടിക്കുന്നതാണ്."